Monday, July 11, 2011

പ്രണയമഴക്കാലം....




           

             മണലാരണ്യത്തിലെ  കത്തുന്ന വേനലില്‍ ദിവസങ്ങളും,മാസങ്ങളും എന്തിനെന്നറിയാതെ ഉരുക്കിക്കൊണ്ടിരിക്കുമ്പോഴും ഓര്‍മ്മകള്‍ കൊണ്ട് സമൃദ്ധമായിരുന്നു നഷ്ടങ്ങള്‍ ഊഷരഭൂമിയാക്കിയ എന്‍റെ മനസ്സ്..  ..........മഴ മോഹിക്കുന്ന വേഴാമ്പലിനെപ്പോലെ ഞാന്‍ സ്നേഹത്തിനായി  കൊതിക്കുകയായിരുന്നു...എന്‍റെ മോഹങ്ങളും ,നൊമ്പരങ്ങളും,പരാതികളും പരിഭവങ്ങളുമെല്ലാം നാല് ചുവരുകള്‍ക്കുള്ളില്‍ പ്രതിധ്വനിച്ചു...അത് കേള്‍ക്കാന്‍ ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ... മനസ്സിന്‍റെ അടിത്തട്ടില്‍ മുളപൊട്ടുന്ന കുഞ്ഞു കുഞ്ഞു മോഹങ്ങളുടെ മൊട്ടുകള്‍ വിരിയും മുന്‍പേ ഇറുത്തെടുത്തു കണ്മുന്നില്‍ത്തന്നെ ചവിട്ടിയരയ്ക്കപ്പെട്ടിരുന്നു...
ജീവിത യാ. ഥാര്‍ത്ഥ്യങ്ങളില്‍  
തളര്‍ന്നപ്പോള്‍  എല്ലാത്തില്‍ നിന്നും 
ഓടിയൊളിക്കാന്‍ കൊതിച്ചു..ജനാലയിലൂടെ ഞാന്‍ കാണുന്ന ആകാശക്കീറിലേക്ക് പറന്നുയരുന്ന സ്വാതന്ത്ര്യം മോഹിച്ചു..

                                                                         ജനലഴികളില്‍   മുഖം ചേര്‍ത്ത് വിങ്ങിപ്പൊട്ടി കരഞ്ഞ ഒരു സന്ധ്യക്ക്‌  നനഞ്ഞ  മിഴികളിലേക്കു കുളിരായ് വന്നു വീണ മഴത്തുള്ളിയായിരുന്നു അവന്‍......പിന്നെ 
തീ പോലെ പൊള്ളുന്ന മനസ്സിലേയ്ക്ക് തണുത്ത കാറ്റും,മഴത്തുള്ളികളും,മഴയില്‍ നനഞ്ഞ ഒരു പിടി പൂക്കളുമായി ,ഒരു വേനല്‍ മഴയായി അവന്‍ പെയ്യുകയായിരുന്നു.......പിന്നീടെന്നും  അശാന്തമായ എന്‍റെ മനസ്സിന് മുകളിലെ ആകാശം നിറഞ്ഞു നിന്നത് അവന്‍റെ മുഖം മാത്രമായിരുന്നു  ...അവനെന്നിലേക്ക് സ്നേഹത്തിന്‍റെ തോരാമഴയായി പെയ്തിറങ്ങുകയായിരുന്നു...ആ മഴത്തുള്ളികള്‍ എന്നെ ഒരു സ്വപ്ന ലോകത്തിലേക്ക്‌  കൂട്ടിക്കൊണ്ടു പോയി....ഞാനും അവനും മാത്രമുള്ള പ്രണയം നിറഞ്ഞ ലോകത്തിലേയ്ക്ക്..പകരം വയ്ക്കാന്‍ മറ്റൊന്നുമില്ലാത്ത പ്രണയത്തിന്‍റെ സുവര്‍ണ്ണ നിമിഷങ്ങള്‍ സമ്മാനിച്ചു ....ഞങ്ങള്‍ ഒരുമിച്ചു കണ്ട സ്വപ്നങ്ങള്‍ക്ക് മഴവില്ലിന്‍റെ വര്‍ണ്ണങ്ങള്‍ തന്നു..........
അവനെ തൊടാന്‍,അവനെന്‍റെ അരികില്‍ വരാന്‍ പിന്നെ ഞാന്‍ എന്‍റെ ജനാലകള്‍ എന്നും തുറന്നിട്ടു.....അഴിവാതിലിലൂടെ എന്നും അവനെന്‍റെ അരികില്‍ വന്നു....ഇപ്പോള്‍ എനിക്കെന്നും മഴക്കാലമാണ്....ഋതുഭേദങ്ങളില്ലാത്ത പ്രണയമഴക്കാലം....................!!!!!  

No comments:

Post a Comment