Wednesday, June 1, 2011

നിന്റെ ഭാവങ്ങള്‍ ....




ചിലപ്പോള്‍ നീയൊരു മഴ പോലെ ,
ആദ്യം നനുത്ത ചാറ്റല്‍ മഴയായ് 
എന്‍റെ ജാലക വാതിലില്‍ മുട്ടും ,,

പ്രതീക്ഷയുടെ ആകാശത്ത് മഴവില്‍ ചിത്രങ്ങള്‍ വരയ്ക്കും ..
നിന്നെയൊന്നു തൊടാന്‍ ജനല്‍പാളികള്‍ തുറക്കുമ്പോള്‍ 
നീയൊരു പെരുമഴയായ്‌  പെയ്തു തുടങ്ങും....
ആ പ്രണയമഴയില്‍ നനഞ്ഞു നിന്നോട് ചേരാന്‍ 
ഞാന്‍ ഓടിയെത്തുമ്പോഴേക്കും 
മനസ്സില്‍ പുതു മണ്ണിന്‍റെ ഗന്ധം മാത്രം ബാക്കിയാക്കി 
നീ  പോയിക്കഴിഞ്ഞിട്ടുണ്ടാവും........

ചിലപ്പോള്‍ നീയൊരു ശംഖിനെപ്പോലെ ...

കടലോളം പ്രണയം ഹൃദയത്തിലൊളിപ്പിക്കും______
വെയിലറിയാത്ത, മഴ കൊള്ളാത്ത ,തിരയില്‍ നനഞ്ഞ പ്രണയം..
ഉള്ളിലാ പ്രണയകടല്‍ ആര്‍ത്തിരമ്പുമ്പോഴും 
ഒന്നുമറിയാത്ത പോലെ നീ 
മൗനത്തിന്‍റെ   ആഴങ്ങളില്‍ മയങ്ങും....
എങ്കിലും നിന്‍റെ  നെഞ്ചില്‍ ചേര്‍ന്നിരുന്നാല്‍ എനിയ്ക്കു കേള്‍ക്കാം 
ആ പ്രണയ കടലിന്‍റെ ഇരമ്പല്‍ .........

എന്നാല്‍ നീ അഗ്നിയാവുന്നതാണെനിക്കിഷ്ടം ....
ആദ്യമൊരു കനലായ്  എന്‍റെ നെഞ്ചില്‍ എരിഞ്ഞു
തുടങ്ങണം നിന്‍റെ പ്രണയം ...


പിന്നെയത് ജ്വാലയാകണം ,പിന്നീടത് ആളിക്കത്തണം----
എന്നിലേയ്ക്ക് ആളിപ്പടരുന്ന അഗ്നിയാവണം....
എന്നെ പൂര്‍ണ്ണമായും നിന്നിലേയ്ക്ക്   ആവാഹിക്കുന്ന പ്രണയാഗ്നി...!!!

No comments:

Post a Comment